2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

മരണമെത്തുന്ന നേരത്ത്.....



മരണമെത്തുന്ന നേരത്ത്.....




മരണമെത്തുന്ന നേരത്തു നീയെന്റെ .
അരികിലിത്തിരി നേരമിരിക്കണേ... 

കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെത്തലോടി ശമിക്കുവാന്‍ .

ഒടുവിലായകത്തേക്കെടുക്കും ശ്വാസ-
കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍ .

ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍
പ്രിയതേ നിന്‍മുഖം മുങ്ങിക്കിടക്കുവാന്‍.

ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ
ചെവികള്‍ നിന്‍ സ്വരമുദ്രയാല്‍ മൂടുവാന്‍.

അറിവുമോര്‍മയും കത്തും ശിരസ്സില്‍ നിന്‍
ഹരിത സ്വച്ഛസ്മരണകള്‍ പെയ്യുവാന്‍.

അധരമാം ചുംബനത്തിന്റെ മുറിവു നിന്‍
മധുരനാമജപത്തിനാല്‍ കൂടുവാന്‍.

പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍
വഴികളോര്‍ത്തെന്റെ പാദം തണുക്കുവാന്‍.

അതു മതി ഉടല്‍ മൂടിയ മണ്ണില്‍നി-
ന്നിവനു പുല്‍ക്കൊടിയായുയര്‍ത്തേല്‍ക്കുവാന്‍.

2014, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

മാപ്പിളാ ഗാനം .അറബ് പറയണ നാട്ടിലാണെനിക്ക് ജോലി



അറബ് പറയണ നാട്ടിലാണെനിക്ക് ജോലി.....
അകലെ മാമല നാട്ടിലാണെന്‍ മുത്തുബീവി .....( അറബ് പറയണ )
മിഴിതുറന്നു പകല്‍ കിനാവ്‌
 മിഴിയടച്ചു പൂങ്കിനാവ്
പൂങ്കിനാക്കളിലൊക്കെ  മുല്ലേ. നിന്‍റെ മോറ്
പൂങ്കരളിനെ ഓര്‍ത്ത്‌ വാര്‍ക്കും. കണ്ണുനീര്....   ( അറബ് പറയണ )

രാവായാല്‍ എന്‍റെ ചിന്ത നാട്ടിലാണ് കണ്മണീ .....
രാത്രിക്ക് നീളെമെത്ര ഏറെയാണെന്‍ പെണ്മണി....   ( രാവായാല്‍ എന്‍റെ )
ബഹര്‍ക്കടന്ന്  അണയും കാറ്റിന് നിന്‍റെ നറുമണം അല്ലെയോ
മഹറ് തന്ന് സ്വന്തമാക്കിയ ബീവിയക്കാരെയല്ലയോ
ചിറകനിക്ക്   ഇല്ല പൊന്നെ പാറി അരികില്‍ എത്തുവാന്‍   ( അറബ് പറ)

മേളിച്ച മണിയറയില്‍ നീ തനിച്ചാണോമലേ  ....
മോഹിച്ച മോഹമെല്ലാം .വാടിയോ നെയ്താംബലേ ( മേളിച്ച മണിയറയില്‍)
പുഞ്ചിരിക്കും നിന്‍റെ ഫോട്ടം   ഉണ്ട് മുത്തേ മുന്നില്
പുലരുവോളം ചേര്‍ത്തുവെച്ച്  ഉറങ്ങും ഞാനത് നെഞ്ചില്
പറന്നു വന്നാല്‍ ഉണ്ടെനിക്ക് നൂറു കാര്യം ചൊല്ലുവാന്‍

അറബ് പറയണ നാട്ടിലാണെനിക്ക് ജോലി.....
അകലെ മാമല നാട്ടിലാണെന്‍ മുത്തുബീവി .....( അറബ് പറയണ )
 മിഴിയടച്ച്  പകല്‍ കിനാവ്‌
മിഴിതുറന്ന്   പൂങ്കിനാവ്
പൂങ്കിനാക്കളിലൊക്കെ  മുല്ലേ നിന്‍റെ മോറ്
പൂങ്കരളിനെ ഓര്‍ത്ത്‌ വാര്‍ക്കും കണ്ണുനീര്....

അറബ് പറയണ നാട്ടിലാണെനിക്ക് ജോലി.....
അകലെ മാമല നാട്ടിലാണെന്‍ മുത്തുബീവി ....

                      ശുഭം