2016, ജൂൺ 2, വ്യാഴാഴ്‌ച

മുട്ടയ്‌ക്കും ഇറച്ചിക്കും കാട വളര്‍ത്തല്‍

മുട്ട, ഇറച്ചി എന്നിവയ്‌ക്ക് കാടകളെ വളര്‍ത്താം. ആറാഴ്‌ച പ്രായം മുതല്‍ ഇവയുടെ മുട്ടലഭിക്കും.നാല്‌ ആഴ്‌ച മുതല്‍ ആണ്‍കാടകളെ ഇറച്ചിക്കായി വില്‍ക്കാം. മുട്ടയ്‌ക്ക് വേണ്ടി പെണ്‍കാടകളെ മാത്രമെ വളര്‍ത്തേണ്ടതുള്ളൂ. കാടകളെ ഒരുദിവസം പ്രായത്തിലോ നാലാഴ്‌ച പ്രായത്തിലോ വിപണിയില്‍ നിന്നു ലഭിക്കും. കമ്പിവല കൊണ്ട്‌ നിര്‍മിച്ച കൂടുകളില്‍ കാടകളെ വളര്‍ത്താം. വിപണന സാധ്യത മനസ്സിലാക്കി കാടകളുടെ എണ്ണം നിശ്‌ചയിക്കുകയാണ്‌ ആദ്യംവേണ്ടത്‌.
കൃത്രിമ ചൂട്‌ നല്‍കുവാന്‍ സംവിധാനമുള്ള ബ്രൂഡര്‍ കേജുകള്‍ കാടക്കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി ഉണ്ടാക്കാം. ബ്രൂഡര്‍ കൂടുകളില്‍ കുഞ്ഞുങ്ങളെ 14 ദിവസം വരെ പാര്‍പ്പിക്കാം. മൂന്ന്‌ അടി നീളവും രണ്ടടി വീതിയും ഒരടി ഉയരവും ഉള്ള കൂട്ടില്‍ 100 കുഞ്ഞുങ്ങളെ പാര്‍പ്പിക്കാം. കാല്‍ ഇഞ്ച്‌ കണ്ണികളുള്ള കമ്പിവല കൊണ്ട്‌ ബ്രൂഡര്‍ കേജുകള്‍ ഉണ്ടാക്കാം. വൈദ്യുതിബള്‍ബ്‌ ഇടാനുള്ള സംവിധാനം കേജിനുള്ളില്‍ ഉണ്ടാവണം. ഒരു കുഞ്ഞിനു ഒരു വാട്ട്‌ എന്ന പ്രകാരം ബള്‍ബ്‌ ഇടാവുന്നതാണ്‌. ആദ്യത്തെ രണ്ടാഴ്‌ച 24 മണിക്കൂറും ചൂടും വെളിച്ചവും വേണം. രണ്ടാമത്തെ ആഴ്‌ച മുതല്‍ ചൂട്‌ കുറയ്‌ക്കാവുന്നതാണ്‌. കുഞ്ഞുങ്ങള്‍ വഴുതി വീഴാതിരിക്കാന്‍ ആദ്യത്തെ ആഴ്‌ചയില്‍ കൂട്ടില്‍ ചണച്ചാക്ക്‌ വിരിക്കണം. ആദ്യആഴ്‌ച പത്രക്കടലാസ്സില്‍ തീറ്റ നല്‍കുന്നത്‌ സഹായകരമാണ്‌. വെള്ളപ്പാത്രത്തില്‍ വീണുള്ള മരണത്തിന്‌ ഈ സമയത്ത്‌ സാധ്യത കൂടുതലാണ്‌. വെള്ളപ്പാത്രം ആഴം കുറഞ്ഞതും കാടക്കുഞ്ഞുങ്ങള്‍ക്ക്‌ ഉള്ളില്‍ കടക്കാന്‍ കഴിയാത്ത സംവിധാനത്തോടു കൂടിയതും ആയിരിക്കണം.
ഗ്രോവര്‍ കൂടുകളില്‍ കാടകളെ 14 ദിവസം മുതല്‍ 6 ആഴ്‌ച വരെ വളര്‍ത്താം.ഗ്രോവര്‍ കാടകള്‍ക്ക്‌ ചൂടോ വെളിച്ചമോ നല്‍കേണ്ടതില്ല. 4 അടി നീളത്തില്‍ 2 അടി വീതിയില്‍ 10 ഇഞ്ച്‌ ഉയരത്തില്‍ ഉള്ള കൂട്ടില്‍ 60 ഗ്രോവര്‍ കാടകളെ വളര്‍ത്താം. തീറ്റയും വെള്ളവും കൂടിന്‌ അകത്തോ പുറത്തോ നല്‍കാവുന്നതാണ്‌. കൂടിന്റെ അടിഭാഗത്ത്‌ അര ഇഞ്ച്‌ കമ്പിവല ഉപയോഗിക്കാം. പാര്‍ശ്വങ്ങളിലും മുകളിലും ഒരു ഇഞ്ച്‌ വല ഉപയോഗിക്കാവുന്നതാണ്‌. വെളളം കൊടുക്കുന്നതിനായി 2 അടി നീളത്തിലുളള പി. വി. സി. പൈപ്പുകള്‍ രണ്ടു വശത്തും അടപ്പ്‌ ഇട്ടതിനു ശേഷം മൂന്നില്‍ ഒരു ഭാഗം നീളത്തില്‍ പിളര്‍ത്തി മാറ്റി ഉപയോഗിക്കാം. കേജിന്റെ വീതി കുറഞ്ഞ ഭാഗത്ത്‌ ഇവ വെളിയില്‍ ഘടിപ്പിക്കുക. തീറ്റയ്‌ക്കായി 5 ഇഞ്ച്‌ വ്യാസമുളള പി.വി.സി. പൈപ്പ്‌ മുകളില്‍ പറഞ്ഞത്‌ പോലെ ഉണ്ടാക്കി ഉപയോഗിക്കാം. ഇത്‌ കൂടിന്റെ നീളമുള്ള ഭാഗത്ത്‌ ഉറപ്പിക്കണം. മൂന്നാഴ്‌ച പ്രായമാവുമ്പോള്‍ കഴുത്തിലെയും നെഞ്ചിലെയും തൂവലുകളുടെ നിറം നോക്കിയാണ്‌ ലിംഗം നിര്‍ണ്ണയി ക്കുന്നത്‌. ആണ്‍കാടകള്‍ക്ക്‌ കഴുത്തിലും നെഞ്ചിലും ഇളം ചുവപ്പും തവിട്ടും കലര്‍ന്ന നിറമാണുള്ളത്‌. പെണ്‍കാടകള്‍ക്ക്‌ ഈ ഭാഗത്ത്‌ കറുത്ത പുളളിക്കുത്തോടുകൂടിയ ചാരനിറമാണ്‌.
7 അടി നീളവും 3 അടി വീതിയും 10 ഇഞ്ച്‌ ഉയരവും ഉള്ള ഒരു കൂട്ടില്‍ 100 കാടകളെ പാര്‍പ്പിക്കാം. 3 :1 ഇഞ്ച്‌ കമ്പിവല കൊണ്ട്‌ കൂടിന്റെ വശങ്ങളും മുകള്‍ഭാഗവും ഉണ്ടാക്കാം. അര ഇഞ്ച്‌ കമ്പിവല / ഫൈബര്‍വല കൊണ്ട്‌ അടിവശം ഉണ്ടാക്കുക. മുട്ടയിടുന്ന കാടകള്‍ക്ക്‌ ദിവസം 14 മുതല്‍ 16 മണിക്കൂര്‍ വരെ വെളിച്ചം ആവശ്യമാണ്‌. ഇതിനായി ഷെഡില്‍ ട്യൂബ്‌ലൈറ്റ്‌ ഘടിപ്പിക്കാം. കാടകള്‍ വൈകുന്നേരമാണ്‌ സാധാരണയായി മുട്ടയിടുന്നത്‌. കുറഞ്ഞ സ്‌ഥലത്ത്‌ കൂടുതല്‍ കാടകളെ പാര്‍പ്പിക്കുകയോ, കൂടുതല്‍ സമയം തീവ്ര കൃത്രിമവെളിച്ചം നല്‍കുകയോ ചെയ്ാം. കയാടകള്‍ തമ്മില്‍ കൊത്തുകൂടാം. കാടകള്‍ക്ക്‌ പച്ചില തീറ്റകള്‍ നല്‍കുകയും ഗുണനിലവാരമുള്ള തീറ്റ നല്‍കുകയും വഴി ഈ ദുശ്ശീലം വലിയൊരളവുവരെ ഒഴിവാക്കാനാകും. കാടകള്‍ക്ക്‌ ബ്രോയിലര്‍ കോഴികളുടെ സ്‌റ്റാര്‍ട്ടര്‍ തീറ്റ ആറാമത്തെ ആഴ്‌ച വരെ നല്‍കാം. ആറാമത്തെ ആഴ്‌ച മുതല്‍ മുട്ടക്കാടകളുടെ തീറ്റ നല്‍കണം. ഇത്‌ ലഭ്യമല്ലെങ്കില്‍ ബ്രോയിലര്‍ സ്‌റ്റാര്‍ട്ടര്‍ തീറ്റയില്‍ കക്ക പൊടിച്ചത്‌ ഇട്ട്‌ മുട്ടക്കാട തീറ്റ ഉണ്ടാക്കാം. ഇതിനായി 94 കിലോ ബ്രോയിലര്‍ സ്‌റ്റാര്‍ട്ടര്‍ തീറ്റയില്‍ 6 കിലോ കക്കപ്പൊടി ഇട്ട്‌ നന്നായി മിശ്രണം ചെയ്യുക.
പൊതുവില്‍ രോഗസാധ്യത കുറവായതിനാല്‍ കാടകള്‍ക്ക്‌ പ്രതിരോധ മരുന്നുകള്‍ നല്‍കാറില്ല. എന്നിരുന്നാലും പരിപാലനത്തിലെ പോരായ്‌മകള്‍ കൊണ്ട്‌ രക്‌താതിസാരം, ന്യുമോണിയ, വയറിളക്കം തുടങ്ങിയവ കാണപ്പെടാം. കാടക്കുഞ്ഞുങ്ങളെ മണ്ണുത്തിയിലുള്ള വെറ്ററിനറി സര്‍വ്വകലാശാലാ ഫാമില്‍ നിന്നോ സര്‍ക്കാര്‍-സ്വകാര്യ ഫാമുകളില്‍ നിന്നോ ലഭിക്കും